കോട്ടയം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെതിരെ കെ.ടി ജലീല്‍ എംഎല്‍എയുടെ പരാതിയിന്‍മേല്‍ എടുത്ത കേസില്‍ താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പി.സി ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹളക്കും സംഘര്‍ഷത്തിനും ഇടയാക്കുന്ന പ്രസ്‌താവന നടത്തുക, ഗൂഢാലോചന എന്നിവ ഉള്‍പ്പെടുത്തി 153, 120ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഇത്തരത്തില്‍ കേസ് എടുക്കാനാണെങ്കില്‍ പിണറായിക്കെതിരെ ആദ്യം കേസെടുക്കണമെന്നും പ്രസ്‌താവന നടത്തുന്നതിനെതിരെ കേസ് എടുക്കാന്‍ തുടങ്ങിയാല്‍ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ലെന്നും പി.സി പ്രതികരിച്ചു. ജയിൽ ഡിഐജി അജി കുമാർ സ്വപ്‌നയെ ഭീഷണിപ്പെടുത്തി മാനസികമായി അപമാനിച്ചു എന്നാണ് സ്വപ്‌ന മൊഴി നല്‍കിയത്. ഇത് താൻ മാധ്യമങ്ങളോട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്‌തത്.
ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി.സി ചോദിച്ചു. സത്യപ്രതിജ്ഞ ലംഘനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്നും തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ പൊലീസ് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പി.സി പറഞ്ഞു