കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രോഗി മരിച്ചത് അധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് കൊണ്ടാണെന്ന ആരോപണവുമായി മകള്‍ റെനി. ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസ്(62) ആണ് മരിച്ചത്.
പനിയും ശ്വാസതടസവും മൂലം കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ജേക്കബ് തോമസിനെ, അവസ്ഥ ഗുരുതരമായതിനെ തുടർന്നാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. എച്ച് വൺ എൻ വൺ ബാധ സംശയിച്ചിരുന്ന ജേക്കബ് തോമസിന് ചികിത്സ നൽകാൻ മെഡിക്കൽ കോളജ് അധികൃതർ തയ്യാറായില്ല. ബെഡ്ഡും വെന്‍റിലേറ്ററും ഇല്ലെന്നായിരുന്നു വിശദീകരണം. ആംബുലൻസിൽ കാത്തുകിടന്ന രോഗിയെ പരിശോധിക്കാൻ ആവശ്യപ്പെട്ടതിന് അധികൃതർ ബന്ധുക്കളോട് കയർത്തു എന്നും മകൾ റെനി പറഞ്ഞു.
തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. രണ്ടിടത്തുനിന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും ഇവർ പറയുന്നു.
നാലേകാലോടെ തിരികെ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. രണ്ടു മണിക്കൂർ നേരമാണ് മൂന്ന് ആശുപത്രികളിലുമായി ഇവർ അലഞ്ഞത്. മരണം സംഭവിച്ച ശേഷവും മാധ്യമങ്ങൾ എത്തിയതോടെയാണ് കോട്ടയം മെഡിക്കൽ കോളജ് അധികൃതർ ആംബുലൻസിൽ എത്തിനോക്കിയത്. ചികിത്സ നിഷേധിച്ചതിന് മൂന്ന് ആശുപത്രികൾക്കെതിരെയും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർദ്ദേശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.