കോട്ടയം: കേരളാ കോൺഗ്രസ് അധികാര തർക്കത്തെ തുടര്‍ന്ന് ജോസ് കെ.മാണി നൽകിയ ഹർജി കട്ടപ്പന മുൻസിഫ് കോടതി തള്ളിയതിന് പിന്നാലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന പി.ജെ.ജോസഫിനെതിരെ ജോസ് കെ.മാണി. പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് ജോസഫിന്‍റെ നീക്കമെന്ന് ജോസ് കെ.മാണി ആരോപിച്ചു. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ പി.ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവായും സി.എഫ് തോമസിനെ ഡെപ്യൂട്ടി നേതാവായും തെരഞ്ഞെടുത്തതോടെയാണ് യോഗം നിയമവിരുദ്ധമെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തിയത്.
പാർട്ടിയിലെ എംഎൽഎമാരും എംപിമാരും അടങ്ങുന്നതാണ് പാർലമെന്‍ററി പാർട്ടി യോഗം. പക്ഷേ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാനുള്ള അധികാരം ചെയർമാനാണെന്ന് ആവർത്തിച്ച ജോസ് കെ.മാണി, ചെയർമാന്‍റെ അഭാവത്തിൽ എങ്ങനെ പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചു ചേർക്കുമെന്ന് ചോദിച്ചു. താൽക്കാലിക ഒഴിവിൽ മാത്രം വർക്കിങ് ചെയർമാന് ചെയർമാന്‍റെ പദവി ഉപയോഗിക്കാമെന്നിരിക്കെയാണ് സ്ഥിരം ഒഴിവിലേക്ക്, താൽക്കാലിക ഒഴിവിലെ വർക്കിങ് ചെയർമാന്‍റെ അധികാരങ്ങൾ ഉപയോഗിച്ച് പി.ജെ ജോസഫ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ കാലത്ത് ജോസഫ് വിഭാഗത്തിന്റെ ഈ നീക്കത്തിനെതിരെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അന്ന് ആ നീക്കം ഉപേക്ഷിച്ച പി.ജെ.ജോസഫ് വീണ്ടും പാർലമെന്‍ററി പാർട്ടി യോഗമെന്ന പേരില്‍ യോഗം ചേർന്നത് നിയമ വിരുദ്ധമാണ്. സ്‌പീക്കർക്ക് നൽകിയ കത്ത് നിലനിൽക്കെ നിയമവിരുദ്ധമായി ചേർന്നെടുത്ത തെരഞ്ഞെടുപ്പിൽ സ്‌പീക്കർ തീരുമാനമെടുക്കട്ടെയെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു.