കോട്ടയം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാലാ ജനറല്‍ ആശുപത്രിയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടം ഉടന്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്‌സിന് കത്ത് നല്‍കി. നാല് വര്‍ഷം മുമ്പ് പണികഴിപ്പിച്ച അഞ്ച് നില കെട്ടിടം ഫയര്‍ഫോഴ്‌സിന്‍റെ സര്‍റ്റിഫിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെട്ടിടത്തിന്‍റെ മൂന്ന് നിലകളെങ്കിലും തുറന്ന് നല്‍കണമെന്നാണ് ആവശ്യം.
മൂന്ന് ഒപികള്‍, അത്യഹിതവിഭാഗം, ഫാര്‍മസി എന്നിവ ആശുപത്രിയുടെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ നിലവിലെ സ്ഥലപരിമിതിയില്‍ രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . സന്ദര്‍ശന വിലക്കേര്‍പ്പടുത്തിയിട്ടുണ്ടെങ്കിലും നിരവധി ആളുകള്‍ ആശുപത്രിയിലേക്ക് എത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം തുറന്ന് നല്‍കണമെന്ന ആവശ്യം ശക്തമായത്.