കോട്ടയം: യാക്കോബായ സഭയുടെ കൈവശമുള്ള മണർകാട് പള്ളി ഓർത്തഡോക്‌സ് സഭക്ക് വിട്ടു നൽകണമെന്ന കോടതി വിധി സ്വാഗതം ചെയ്‌ത് ഓർത്തഡോക്‌സ് സഭ. മണർകാട് സെന്‍റ് മേരീസ് പള്ളി, മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ്.
പള്ളി 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നുള്ള കോട്ടയം സബ് കോടതി വിധി ഉത്തരവ് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമാവണമെന്നും ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രപ്പോലിത്തായുമായ യഹോനോൻ മാർ ദിയസ്കോ റോസ് പറഞ്ഞു. കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും ഇതിനായി ജില്ലാ കലക്‌ടറെ ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിത്തർക്കം പരിഹരിക്കാൻ നിയമനിർമാണം പ്രായോഗികമല്ല. നിയമനിർമാണം കൂടുതൽ അരാജകത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഒരേ അരാധനയും ഒരേ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഇരുവിഭാഗവും തമ്മിൽ കലഹിപ്പിക്കുവാനുള്ള തൽപ്പരകക്ഷികളുടെ സ്ഥാപിത താൽപ്പര്യങ്ങൾ ജനം മനസിലാക്കണമെന്നും ദിയസ്കോറോസ് മെത്രപ്പോലിത്താ കൂട്ടിച്ചേർത്തു.
മണർകാട് പള്ളിയിൽ 1934ലെ ഭരണഘടന അനുസരിച്ച് യോഗം വിളിച്ചു കൂട്ടി ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നാണ് ഉത്തരവ്. പുതിയ ഭരണസമിധിക്ക് അധികാരം കൈമാറണമെന്നും കണക്കുകളും താക്കോലും മറ്റ് റെക്കോഡുകളും കോടതി മുഖാന്തരം പുതിയ ഭരണസമിതിക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.