തിരുവനന്തപുരം: ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫിനും 2004 ലെ യു.ഡി.എഫ് സര്‍ക്കാരിനുമെതിരായ ആരോപണത്തില്‍ കെ.ടി ജലീലിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതി ജഡ്‌ജിയായിരിക്കെ യു.ഡി.എഫ് നേതാവിനനുകൂലമായ വിധി പുറപ്പെടുവിച്ചതിന് പ്രത്യുപകാരമായാണ് സഹോദരഭാര്യയ്‌ക്ക് വി.സി പദവി നല്‍കിയതെന്നായിരുന്നു ആരോപണം. ഇക്കാര്യം നിഷേധിച്ചാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.
ഡോ.ജാന്‍സി ജെയിംസിനെ യു.ഡി.എഫ് സര്‍ക്കാര്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കുന്നത് 2004 നവംബറിലാണ്. യു.ഡി.എഫ് നേതാവിനകൂലമായ ഹൈക്കോടതി വിധിയുണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. യു.ഡി.എഫ് നേതാവുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിയും ഉണ്ടായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
'നിയമനം മികവുകൊണ്ട്'
സംസ്ഥാനത്തെ ആദ്യ വനിത വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിന് വലിയ സ്വീകാര്യത ലഭിച്ചു. അന്ന് മറ്റൊരു പേരും എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുയര്‍ന്നിരുന്നില്ല. പിന്നീട് ജാന്‍സി കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചൈന്‍സലറായി. അക്കാദമിക മികവാണ് അവരെ ഉന്നത പദവികളില്‍ എത്തിച്ചത്.
ഭരണഘടന സ്ഥാപനങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാരും ദുര്‍ബലപ്പെടുത്തുന്നത്. ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് കെ.ടി.ജലീലിനെ ഇറക്കി സി.പി.എം വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: പ്രതിയുടെ നടപടി ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യം: ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോസിക്യൂഷൻ