കോട്ടയം: സിറോ മലബാർ സഭയിൽ ഒരു ലക്ഷത്തിലധികം പുരുഷന്മാർ വിവാഹിതരാകാനുണ്ടെന്ന അനൗദ്യോഗിക കണക്ക് ചങ്ങനാശേരി അതിരൂപത പുറത്ത് വിട്ടു. ഒക്‌ടോബർ ആറിന് അതിരൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഇക്കാര്യം പരാർമശിക്കുന്നത്. കുറഞ്ഞ ജനന നിരക്കും തൊഴിലില്ലായ്‌മയും ആണ് പ്രധാന കാരണം. സംസ്ഥാന രൂപീകരണ സമയത്ത് രണ്ടാമത്തെ ഏറ്റവും വലിയ സമൂഹമായിരുന്ന ക്രൈസ്തവർ ഇന്ന് 18.38 ശതമാനം മാത്രമാണന്നും ജനനനിരക്ക് 14 ശതമാനമായി കുറഞ്ഞന്നും ഇടയലേഖനം സൂചിപ്പിക്കുന്നു. സഭയുടെ ദുരവസ്ഥയെ വളരെ പ്രാധാന്യത്തോടെ കാണണമെന്നാണ് ഇടയലേഖനത്തിലൂടെ ബിഷപ്പ് ആഹ്വാനം ചെയ്യുന്നത്.
റബ്ബർ മേഖലയിലെ പ്രതിസന്ധികളും കാർഷിക മേഖലയിലെ തകർച്ചയും പ്രളയവും ക്രൈസ്തവ സമൂഹത്തെ തകർത്തു എന്നാണ് സഭയുടെ വിലയിരുത്തൽ. തൊഴിലില്ലായ്‌മ രൂക്ഷമായതോടെ സഭയിലെ യുവജനങ്ങൾ വിദേശരാജ്യങ്ങളിൽ അഭയം തേടുന്നതും തിരികെ വരാൻ മടി കാണിക്കുന്നതും സഭയുടെ വളർച്ചാ മുരടിപ്പിന് കാരണമായെന്നും വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി പദ്ധതികൾ നിലനിൽക്കെ ക്രൈസ്തവ സമൂഹം വേണ്ട രീതിയിൽ ഇവ ഉപകാരപ്പെടുത്തുന്നില്ലന്നും ബഷപ്പ് ഇടയലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു. സഭാ സമൂഹത്തെ ബോധവൽക്കരിക്കാനുള്ള പദ്ധതികളും ഇടയലേഖനം പങ്കുവയ്ക്കുന്നുണ്ട്.