കോട്ടയം: പാഴ്‌വസ്‌തുക്കള്‍ ഉപയോഗിച്ച് മനോഹരമായ പല സാധനങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആ സാധ്യത ഒരു ഓഫീസ് സ്റ്റുഡിയോ നിര്‍മിതിക്ക് ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്‌തമാണ്. കൊവിഡ് പ്രതിസന്ധി ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളെ കോട്ടയം പാമ്പാടി സ്വദേശികളായ യുവസംരംഭകര്‍ നേരിട്ടത് ഈ സാധ്യത ഉപയോഗിച്ചാണ്. ചെലവ് കുറഞ്ഞ രീതിയില്‍ അതിമനോഹരമായ ഒരു ഓഫീസ് സ്റ്റുഡിയോ. വില കൂടിയ ഉപകരണങ്ങളോ മിനിക്കുപണികളോയില്ല. ഇടഭിത്തികള്‍ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് കെട്ടി പ്ലൈവുഡ് ബോക്‌സുകളും ചെടികളും വച്ച് മനോഹരമാക്കി.
പിവിസി പൈപ്പുകളും കയറും ഉപയോഗിച്ച് ലൈറ്റ് ഹോള്‍ഡുകളും ടീപ്പോയും അക്വോറിയവുമെല്ലാം ടയറുകള്‍ ഉപയോഗിച്ചും നിര്‍മിച്ചു. സാധാരണ കാണാറുള്ള ചുമര്‍ ചിത്രങ്ങളില്ല. പകരം പത്രം ഉപയോഗിച്ചിരിക്കുന്നു. ഭിത്തിയില്‍ ജ്യോമട്രിക്ക് വിസ്‌മയം. ആര്‍ക്കിടെക്ടായ സുബിന്‍ സി. കോശിയും സുഹൃത്തായ എബിന്‍ അലക്‌സുമാണ് ആശയത്തിന് പിന്നില്‍. 50,000 രൂപ ചെലവില്‍ ഒന്നര മാസം കൊണ്ടാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലാർക്ക് ഡിസൈനിങ് ആർക്കിടെക്ചർ സ്റ്റുഡിയോ എന്ന സ്വപ്നം യാഥാർഥ്യമായത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതോടൊപ്പം ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ ഒരു പുതിയ മാതൃക കൂടി നൽകിയിരിക്കുകയാണ് ഈ യുവാക്കള്‍.