കോട്ടയം: ശബരിമല വിഷയത്തില്‍ ക്രിമിനല്‍ സ്വഭാവമല്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും ദര്‍ശനത്തിന് എത്തിയ നിരപരാധികളായ ആളുകള്‍ക്ക് എതിരെയും എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. തീരുമാനം നേരത്തെ തന്നെ ഉണ്ടാകേണ്ടിയിരുന്നതായും എന്നാല്‍, വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണകാര്യത്തില്‍ സര്‍ക്കാരും എന്‍എസ്എസും ഇന്നും രണ്ട് ധ്രുവങ്ങളിൽ തന്നെയാണ്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം വന്നതിനു ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് ശബരിമല വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജി സുകുമാരന്‍ നായര്‍.