കോട്ടയം: കൊവിഡ് വാക്‌സിനേഷന് ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് കോട്ടയം ജില്ല കലക്‌ടര്‍ ഡോ.പി.കെ ജയശ്രീ. കുട്ടികള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി കൊവിഡിന്‍റെ മൂന്ന് വാക്‌സിനുകളും പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകും. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകില്ല.
പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് കൊവിഡ് വാക്‌സിനേഷന്‍ സൗകര്യം ലഭിക്കുക. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ ഡോസ് എല്ലാ ചൊവ്വാഴ്‌ചകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുള്‍പ്പെടെ മുഴുവന്‍ ആശുപത്രികളിലും നല്‍കും. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും വാക്‌സിന്‍ ലഭിക്കും.
കുഞ്ഞുങ്ങളുടെ പതിവ് വാക്‌സിനേഷന്‍ ദിനമായ ബുധനാഴ്‌ച്ച മറ്റുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കില്ല. ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ക്രമീകരണം ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിനും വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് കൂടുതൽ വ്യക്തതവരാനും സഹായിക്കും.
ജില്ലയില്‍ 18 വയസ്സിന് താഴെയുള്ള 80 ശതമാനം കുട്ടികളും ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. 25,000 കുട്ടികളാണ് ഇനി ജില്ലയില്‍ ആദ്യഡോസ് സ്വീകരിക്കാനുള്ളതെന്നാണ് നിഗമനം. ഇവർക്ക് വാക്‌സിന്‍ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം. അറുപത് വയസ്സിന് മുകളിലുള്ളവരില്‍ 40 ശതമാനം പേര്‍ മാത്രമേ ജില്ലയില്‍ കരുതൽ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട 60 വയസിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്‌സിന്‍ ലഭിക്കും. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുകയോ മരണമടയുകയോ ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും 60 വയസിനുമുകളിലുള്ളവരാണ്. ഇവരിൽ പലരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാണ് കരുതൽ ഡോസ് നൽകുന്നത്.