കോട്ടയം: നീറ്റ് പരീക്ഷയിൽ ദുരനുഭവം നേരിട്ട വിദ്യാർഥിനികൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകുമെന്ന് കേരള സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം. നീറ്റ് പരീക്ഷ വിഷയത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജില്ല പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും ചിന്ത ജെറോം പറഞ്ഞു. കോട്ടയം കലക്‌ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചിന്ത ജെറോം.
15 കേസുകൾ തീർപ്പാക്കി യുവജന കമ്മിഷൻ അദാലത്ത്: പയ്യപ്പാടിയിലെ സ്വാശ്രയ കോളജിലെ അധ്യാപകർ ശമ്പളക്കുടിശ്ശികയും സെക്യൂരിറ്റി ഡെപ്പോസിറ്റും ലഭിക്കുന്നതു സംബന്ധിച്ച് നൽകിയ പരാതിയിൽ കോളജ് മാനേജ്മെന്‍റ് മൂന്നു മാസത്തിനുള്ളിൽ തുക നൽകണമെന്ന് കമ്മിഷൻ ഉത്തരവായി. പാമ്പാടി, ചങ്ങനാശേരി സ്വദേശിനികൾ നൽകിയ ഗാർഹിക പീഡന പരാതികളിൽ യുവതികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ പേരു ചേർത്തത് സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന യുവാവിന്‍റെ പരാതിയിൽ ഉയർന്ന ഉദ്യോഗസ്ഥനെ വച്ച് പുനരന്വേഷണത്തിന് നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി.
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അസിസ്റ്റന്‍റ് പ്രൊഫസർ തസ്‌തികയിൽ ഒഴിവു കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുന്നതായി സൂചിപ്പിച്ച് ഭിന്നശേഷിയുള്ള ഡോക്‌ടർ യുവതി നൽകിയ പരാതിയിൽ അടിയന്തരമായി വിദഗ്‌ധ സമിതി കൂടി ഒഴിവു കണ്ടെത്താൻ കമ്മിഷൻ ഉത്തരവിട്ടു.
കോട്ടയം ജില്ല അദാലത്തിൽ പരിഗണിച്ച 29 കേസുകളിൽ 15 എണ്ണം തീർപ്പാക്കി. 14 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. പുതുതായി നാലു പരാതികൾ ലഭിച്ചു. യുവജന കമ്മിഷനംഗം കെ.പി പ്രശാന്ത്, കമ്മിഷൻ സെക്രട്ടറി ഡാർളി ജോസഫ്, അസിസ്റ്റന്‍റ് പി. അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.