കോട്ടയം: നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടിയതിന്‍റെ ആഹ്ളാദത്തിലാണ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനിയായ ലക്ഷ്മി വി നായര്‍. 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ഥിനികളില്‍ ഏഷ്യ പസഫിക് റീജിയണില്‍ നിന്നും ഇടം നേടിയത് ലക്ഷ്മി മാത്രമാണ്.
പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ അധ്യാപകനായ പ്യാരിലാലിന്‍റെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മി ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചത്. വെല്‍കം കിറ്റായി ഗ്ലോബ് ടീഷര്‍ട്ടും മെഡലും ഒപ്പം വീഡിയോ ചിത്രീകരണത്തിനായി മൈക്കും പാഴ്‌സലായി എത്തി.
- എന്താണ് ഗ്ലോബ് പ്രോഗ്രാം
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിനുമാണ് നാസ ഗ്ലോബ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് വിദ്യാർഥികളിൽ അന്വേഷണാത്മക സ്വഭാവം വർധിപ്പിക്കുന്നു.ഗ്ലോബ് ടീം നര്‍ദേശിക്കുന്ന പ്രകൃതിവിഷയങ്ങളില്‍ വീഡിയോ തയാറാക്കി നല്കുകയാണ് അംഗങ്ങള്‍ ചെയ്യേണ്ടത്.
സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ലക്ഷ്മിക്ക് അഭിനന്ദനമറിയിച്ചത്. ലോക്ഡൗണ്‍ ഒഴിവായ ശേഷം വലിയതോതിലുള്ള സ്വീകരണം നല്കാനാണ് പഞ്ചായത്തും ലക്ഷ്യമിടുന്നത്. പാലായില്‍ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരനായ അച്ഛന്‍ വിജയകുമാറും അമ്മ ശ്രീജയ്ക്കുമൊപ്പം 5-ാം ക്ലാസുകാരി സഹോദരി നന്ദനയും ഈ ലക്ഷ്മിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ഈ വലിയ നേട്ടം സ്വന്തമായതിന്റെ ആവേശത്തിലാണ് ഈ കൊച്ചുമിടുക്കി.