കോട്ടയം: കാരാപ്പുഴയിൽ രണ്ടുദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കാരാപ്പുഴ മാന്താർ, ചോതറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോഷിയെ (44) ആണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് എട്ട് മണി മുതൽ ജോഷിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കവേയാണ് മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ALSO READ: ഫസൽ വധം: പിന്നിൽ കൊടി സുനി; ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ
വാച്ച് റിപ്പയറിങ് തൊഴിലാളിയായ ജോഷി വീട്ടിലിരുന്ന് വാച്ച് റിപ്പയർ ചെയ്ത് കടകളിൽ കൊടുക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് അമ്പലക്കടവ് തോട്ടിൽ മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽക്കും. ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കും. ഭാര്യ: ലേഖ, മക്കൾ: സിന്ധു, മഞ്ജു.