കോട്ടയം: പാലാ തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 കാരിയായ ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ജൂണ്‍ 10) പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
രണ്ട് വര്‍ഷമായി ഇരുവരും ബിജു മോന്‍റെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഇന്നലെ, താമസ സ്ഥലത്ത് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പാര ഉപയോഗിച്ചാണ് ബിജു ഭാര്‍ഗവിയെ ആക്രമിച്ചത്.
സംഭവത്തിന് ശേഷം ബിജു സ്റ്റേഷനില്‍ നേരിട്ടെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിൻ്റെ അമ്മയും ഇവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നലെ ബന്ധുവീട്ടിലായിരുന്നെന്നും പൊലീസ് അറിയിച്ചു.
സരസ്വതി വൈദ്യ കൊലപാതകം, നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്: ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായി മഹാരാഷ്‌ട്രയിലുണ്ടായ സരസ്വതി വൈദ്യയുടെ കൊലപാതകത്തില്‍ പൊലീസിന്‍റെ നിര്‍ണായ വെളിപ്പെടുത്തല്‍. സരസ്വതി വൈദ്യയെന്ന 36 കാരിയെ ലിവ് ഇന്‍ പങ്കാളിയായ മനോജ് സാനെ (56) കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് തള്ളിയ പൊലീസ് ഇരുവരും തമ്മില്‍ വിവാഹിതരായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
പ്രായവ്യത്യാസം കാരണമാണ് ഇരുവരും ഇക്കാര്യം മറ്റുള്ളവരില്‍ നിന്നും മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ പ്രതിയായ മനോജ് സാനെ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജൂണ്‍ 16 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
സംഭവം ഇങ്ങനെ: ജൂൺ 4 അർധരാത്രിയിലാണ് സരസ്വതി വൈദ്യ കൊല്ലപ്പെടുന്നത്. സരസ്വതി വൈദ്യയുടെ മേലുണ്ടായ സംശയത്തെ തുടര്‍ന്ന് മനോജ് ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഈ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കൊലപാതകം കഴിഞ്ഞ് മൂന്ന് ദിവസം ഇയാള്‍ ഇവരുടെ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ഇതിനിടയില്‍ സരസ്വതി വൈദ്യയുടെ ശരീരം മൂന്ന് കഷണങ്ങളാക്കി മാറ്റിയെന്നും ചില ഭാഗങ്ങള്‍ ഇയാള്‍ വേവിച്ചുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നു. ഇതോടെ കൊല്ലപ്പെട്ട സരസ്വതി വൈദ്യയുടെ ശരീരഭാഗങ്ങള്‍ക്ക് വേണ്ടിയും അന്വേഷണ സംഘം കൂടുതല്‍ തെരച്ചില്‍ നടത്തി.
പ്രതിയെ പിടികൂടാനായെങ്കിലും കാണാതായ ശരീര ഭാഗങ്ങള്‍ കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സരസ്വതി വൈദ്യയുടെ മൂന്ന് സഹോദരിമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതക വിവരം പുറത്തറിഞ്ഞത്: ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ച അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മൂന്ന് കഷണങ്ങളാക്കിയ നിലയില്‍ കെട്ടിടത്തില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം പൊലീസ് എത്തിയപ്പോള്‍ മനോജ് സാനെ വീട്ടിലുണ്ടായിരുന്നില്ല. പിന്നീടാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.