കോട്ടയം : മണർകാട് 14കാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ യുവാവ് പിടിയില്‍. മുണ്ടക്കയം ഏന്തയാർ മണൽ പാറയിൽ അരുണിനെയാണ് (29) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പൊലീസിനോട് പ്രതി കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പീഡന വിവരം പുറത്തായത്.
വഴിത്തിരിവായത് ഡിഎൻഎ പരിശോധന
മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന തന്നെ കാറിൽ എത്തിയ ഒരാൾ കടത്തിക്കൊണ്ടുപോയെന്നും തുടർന്ന് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ പ്രാഥമിക മൊഴി.
മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് പെൺകുട്ടിയുമായി അടുത്തിടപഴകുന്ന വ്യക്തികളുടെയും, ഗർഭസ്ഥ ശിശുവിൻ്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ വ്യക്തിയാണ് പ്രതിയെന്ന് വ്യക്തമായത്. പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഇയാൾ താമസിച്ചുവരികയായിരുന്നു.
READ MORE: കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു
ചൊവ്വാഴ്‌ച കോട്ടയം തിരുനക്കരയിൽ നിന്നാണ് അരുണിനെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. അരുണിന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പെൺകുട്ടിയുടെ അമ്മയുമായി ഫോൺ വഴി പരിചയത്തിലായ പ്രതി തുടർന്ന് ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു. മണർകാട് എസ്ഐ പി.എസ്. അനീഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.