കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കാണാതായ പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയെ കണ്ടെത്തി. അസം സ്വദേശിയായ ജീവൻ ബറുവയെയാണ് (39) കുടമാളൂരിൽ നിന്നും കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഇന്നലെ രാത്രി 12.30നാണ് ജീവൻ ബറുവയെയും സൂഹൃത്തുക്കളെയും കാണാതായത്.
കുടമാളൂർ സ്‌കൂൾ ജംഗ്‌ഷൻ പരിസരത്ത് നിന്നാണ് ഇയാളെ ആരോഗ്യ പ്രവർത്തകർ പിടികൂടിയത്. യുവാവിനും ഇയാളുടെ രണ്ട് സുഹൃത്തുക്കൾക്കും നേരത്തെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ ജീവൻ ബറുവയ്‌ക്ക് മാത്രമാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവൻ ബവുറ വിദഗ്‌ധ ചികിത്സക്കായാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ ജീവന് തുടർന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന്, സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളും സുഹൃത്തുകളും അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതോടെ ജില്ലയിൽ ജാഗ്രത നിർദേശം നൽകി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബറുവയെ കണ്ടെത്തിയത്. ഇയാളെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.