കോട്ടയം: ഇ എസ് ഐ പദ്ധതിക്കെതിരായ കേന്ദ്ര ഗവൺമെൻ്റ് നീക്കം ആശങ്കയുണ്ടാക്കുന്നുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇ.എസ്.ഐ പദ്ധതി വഴി തൊഴിലാളികൾക്ക് പരമാവധി ആരോഗ്യ പരിരക്ഷ നൽകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ ദേശീയ തലത്തിൽ നിലപാട് ഉണ്ടാകുന്നത് പദ്ധതിയുടെ മുന്നോട്ടുള്ള നീക്കത്തിന് തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള ഗവൺമെൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ 30-ാം സംസ്ഥാന സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഇ എസ് ഐ പദ്ധതി കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും 11 ലക്ഷം പേർക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരൂർക്കട, ഫാറോക്ക് ഇ എസ് ഐ ആശുപത്രികളിൽ കീമോ തെറാപ്പി യൂണിറ്റുകൾ ആരംഭിച്ചുവെന്നും കൂടാതെ തൃശൂർ ഒളരിക്കര ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റും മുളങ്കന്നത്ത് കാവിൽ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കുമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.