കോട്ടയം: സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ പിൻവലിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല. സെക്ഷൻ ഓഫീസർമാരായ അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പ്രത്യേക മോഡറേഷൻ നേടാത്തവരേയും മാർക്ക്ദാന പട്ടികയിൽ ഉൾപ്പെടുത്തിയതിനായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. മാർക്ക് ദാനത്തിലൂടെ 118 വിദ്യാർഥികൾ വിജയിച്ചെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇതിൽ ഒരു വിദ്യാർഥി റീ വാലുവേഷനിലൂടെയും മറ്റൊരു വിദ്യാർഥി സപ്ലിമെന്‍ററി പരീക്ഷയിലൂടെയുമാണ് വിജയച്ചതെന്ന് കണ്ടെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്.
എന്നാൽ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം കാണിച്ച സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടികൾ എടുക്കാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത വൈസ് ചാൻസിലറുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിനിടെ യൂണിവേഴ്സിറ്റി സന്ദർശിച്ച ഗവർണ്ണറും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചു. ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകളും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നടപടികൾ പിൻവലിച്ച് യൂണിവേഴ്സിറ്റി വിമർശനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്.