കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല തയാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് തുടർച്ചയായ മൂന്നാം തവണയും ഇടം നേടി. 2023 വർഷത്തേക്കുള്ള റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ഇദ്ദേഹം. രാജ്യത്ത് 22-ാം സ്ഥാനവും ഏഷ്യൻ മേഖലയിൽ 170-ാം സ്ഥാനവുമാണ്.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. സാബു തോമസിന് പോളിമർ സയൻസ് വിഭാഗത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനവും ആഗോള തലത്തിൽ 70-ാം സ്ഥാനവുമാണ്. പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളുടെ എണ്ണം, നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എച്ച്-ഇൻഡക്‌സ്, പ്രബന്ധങ്ങളുടെ സ്വീകാര്യത, അവലംബങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 2019ൽ തുടക്കം കുറിച്ച സ്റ്റാൻഫോർഡ് സർവകലാശാല റാങ്കിങ്ങിനായി 22 ശാസ്ത്ര മേഖലകളിലും 176 ഉപമേഖലകളിലുമുള്ള ശാസ്ത്രജ്ഞരുടെ പട്ടിക തയാറാക്കിയത്.
1414 ഗവേഷണ പ്രബന്ധങ്ങളുമായി രാജ്യത്തെ ഏറ്റവും മികച്ച 0.10 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലും ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ശാസ്ത്രജ്ഞരുടെ റാങ്ക് പട്ടികയിൽ ഡോ.സാബു തോമസ് വീണ്ടും ഒന്നാമത്