കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. ബിടെക് വിഭാഗത്തിൽ മാർക്ക്ദാനം നേടി വിജയിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ പിശക് പറ്റിയെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നടപടി. 116 പേര്‍ക്ക് മാത്രമാണ് പ്രത്യേക മോഡറേഷൻ ലഭിച്ചിട്ടുള്ളുവെന്നാണ് സര്‍വകലാശാലയുടെ പുതിയ വിശദീകരണം. നേരത്തെ 118 പേരെന്നായിരുന്നു സര്‍വകലാശാല അറിയിച്ചത്.
കോതമംഗലം എം.എ എഞ്ചിനീയറിങ് കോളജിലെ ഒരു വിദ്യാർഥി 2018- മെയ് മാസം നടന്ന പുനര്‍ മൂല്യനിര്‍ണ്ണയത്തിലും, മുവാറ്റുപുഴ സി.ഐ.എ.എസ്.ടിയിലെ ഒരു വിദ്യാർഥി 2018 ൽ നടന്ന പരീക്ഷയിലൂടെയും വിജയിച്ചതായാണ് പുതിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളുടെ വിവരം തെറ്റായി രേഖപ്പെടുത്തിയവരുൾപ്പെടെ അഞ്ച് ഉദ്യാേഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വിവരങ്ങൾ കൈമാറിയതിലും രേഖപ്പെടുത്തിയതിലും ഗുരുതര വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് സെഷൻസ് ഓഫീസർമാരെ സസ്പെന്‍റ് ചെയ്തു. മേൽനോട്ട പിശക് ചൂണ്ടിക്കാട്ടി ജോയിന്‍റ് രജിസ്ട്രാര്‍ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു.
വിദ്യാർഥികളെ സംബന്ധിക്കുന്ന വിവരങ്ങളിൽ അപാകത ഉണ്ടായതോടെ മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും വിഷയത്തിൽ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിൻവലിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ബിടെക് വിദ്യാർഥികളെ അധികമാർക്കിലൂടെ വിജയിപ്പിച്ച സര്‍വകലാശാല നടപടിയിൽ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിക്കാൻ 118 വിദ്യാർഥികളെയും സര്‍വകലാശാല അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപച്ചതിന് പിന്നാലെയാണ് വിദ്യാർഥികളുടെ എണ്ണത്തിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള നടപടികള്‍.