കോട്ടയം: ഇടുക്കി നരിയംപാറ പീഡന കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയാരോപിച്ച് പിതാവ് മനോജ്. മകനെ പൊലീസ് കൊന്ന് കെട്ടിത്തുക്കിയതാണെന്നും ജനലിൻ്റെ ഗ്രില്ലിൽ തോർത്തിൽ തൂങ്ങി മരിച്ചു എന്ന് പൊലീസ് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പിതാവ് പറഞ്ഞു. മനുവിൻ്റെ ആത്മഹത്യക്കുറിപ്പും പൊലീസ് കാണിക്കുന്നില്ലയെന്നും അതിനാൽ മരണത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മരിച്ച പെൺകുട്ടിയും മനുവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായതിനാൽ പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബബന്ധുവായ ഒരു പൊലീസുകാരനാണ് വീട്ടുകാരെ നിർബന്ധിപ്പിച്ച് കേസ് നൽകിയത്. കേസായതോടെ ബി.ജെ.പിക്കാരും വിഷയം വഷളാക്കിയെന്നും മനുവിനെതിരെ കേസുണ്ടായാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായും മനുവിൻ്റെ പിതാവ് പറഞ്ഞു. കേസുണ്ടാകുമെന്ന് പെൺകുട്ടിയും പെൺകുട്ടിയുടെ ഒരു ബന്ധുവും മനുവിനെ വിളിച്ചറിയിച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. മകൻ്റെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ബന്ധുക്കൾ