കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഒക്ടോബര്‍ 11ന് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എല്‍ഡിഎഫ്. വര്‍ഗീയ കക്ഷികളുമായി കൂട്ടുചേരാന്‍ താത്പര്യമില്ലാത്തതിനാലാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു.
സെപ്തംബർ 13 നായിരുന്നു യു.ഡി.എഫ് ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പാസായത്. എസ്‌ഡിപിഐ അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. ഇതോടെ എല്‍ഡിഎഫ് എസ്‌ഡിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കി എന്ന ആരോപണവും ഉയര്‍ന്നു. ആരോപണത്തിന് പിന്നാലെ എസ്‌ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കാനില്ലെന്ന് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കിയിരുന്നു.
യുഡിഎഫിന് രൂക്ഷ വിമര്‍ശനവുമായി ഇടതുപക്ഷം
യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അധികാര സ്ഥാനത്തിനു വേണ്ടി പുറത്തുനിന്നുള്ള വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കുകയും സ്ഥാനങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന യുഡിഎഫ് നിലപാടുകളല്ല എല്‍ഡിഎഫിന് ഉള്ളത് എന്ന് നേതാക്കൾ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായി, വിവേചനപരമായും പ്രവര്‍ത്തിക്കുന്ന യുഡിഎഫ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അവിശ്വാസത്തില്‍ പുറത്തായ അവസരം മുതലാക്കി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ല.
ALSO READ:- COVID-19: സംസ്ഥാനത്ത് 10,691 പേര്‍ക്ക് കൊവിഡ്; 85 മരണം
ഈ സാഹചര്യത്തില്‍ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തില്‍ വരുവാന്‍ എല്‍ഡിഎഫ് താല്പര്യപ്പെടുന്നില്ലന്നും പാര്‍ട്ടി വ്യക്തമാക്കി. ഇതോടെയാണ് ഒക്ടോബര്‍ 11ന് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചത്.
സീറ്റ് നില ഇങ്ങനെ
യുഡിഎഫ് 14, എല്‍ഡിഎഫ് 9, എസ്‌ഡിപിഐ 5 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഒരു കോൺഗ്രസ് അംഗം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല.