കോട്ടയം : ഹരിത കർമ്മസേന മാലിന്യം ശേഖരിച്ച വകയിൽ വീടുകളിൽ നിന്നും യൂസർ ഫീ ഇനത്തിൽ ഏറ്റവും കൂടുതൽ തുക ശേഖരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം നേടി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്‍റെ അഭിനന്ദനത്തിന് അർഹമായി. ഫെബ്രുവരി മാസത്തിൽ മാത്രം 3.427 ലക്ഷം രൂപയാണ് പഞ്ചായത്ത് യൂസർ ഫീയായി പിരിച്ചെടുത്തത്.
ജില്ലയിലെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്രയും ഉയർന്ന തുക ഒരു തദ്ദേശ സ്ഥാപനം പിരിച്ചെടുക്കുന്നതും ഇതാദ്യമാണ്. കൂടാതെ 2956 കിലോ തരംതിരിച്ച പ്ലാസ്റ്റിക്ക് 'ക്ലീൻകേരള' കമ്പനിക്ക് കൈമാറിയതിനും ഹരിത കേരളം മിഷന്‍റെ പ്രത്യേക പ്രശംസ പഞ്ചായത്ത് നേടി.
23 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വാർഡിൽ രണ്ടുപേർ വീതമാണ് ഹരിത കർമ്മസേന അംഗങ്ങളായി വീടുകളിൽ നിന്നും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുന്നത്. വീടുകളിൽ നിന്നും 50 രൂപയും കടകളിൽ നിന്നും 100 രൂപയുമാണ് യൂസർ ഫീസായി നൽകേണ്ടത്. ഈ തുകയിൽ നിന്നാണ് ഹരിത കർമ്മസേന അംഗങ്ങൾക്ക് വേതനവും കണ്ടെത്തുന്നത്. സുവർണ നേട്ടം കൈവരിച്ചതിന് ഹരിത കേരളാ മിഷന്‍റെ അനുമോദന പത്രം കോട്ടയം ജില്ലാ കോർഡിനേറ്റർ പി. രമേശിൽ നിന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ ഏറ്റുവാങ്ങി.