കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കായാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുത്തുകുമാറിന് രണ്ട് പേരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇരുവരെയും കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
സെപ്റ്റംബര്‍ 26 മുതല്‍ കാണാതായ ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദുമോന്‍റെ മൃതദേഹമാണ് സുഹൃത്തായ മുത്തു കുമാറിന്‍റെ ചങ്ങനാശ്ശേരിയിലെ എസി കോളനിയിലെ വാടക വീട്ടിലെ കോണ്‍ഗ്രീറ്റ് തറക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ മുത്തു കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവരും തമ്മിലുണ്ടായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മുത്തുകുമാര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദനമാണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
also read: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ