കോട്ടയം : നഗരത്തിലെ ആകാശപ്പാതയുടെ നിർമാണ ചുമതലയിൽ നിന്നും കിറ്റ്‌കോയെ ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കോട്ടയം കലക്‌ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിറ്റ്‌കോ അധികൃതരുമായി ചർച്ച നടത്തിയ ശേഷമാവും അവരെ നിർമാണ കരാറിൽ നിന്നും നീക്കുക. ഇതിനായി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തി. ആകാശപ്പാതയുടെ നിർമാണം സംബന്ധിച്ച തുടർനടപടികൾ പിന്നീട് യോഗം ചേർന്ന് തീരുമാനിക്കും.
മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല കലക്‌ടർ പി.കെ ജയശ്രീ, ഡി. ശില്‍പ എസ്.പി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
യു.ഡി.എഫ് ഭരണകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോഴാണ് കോട്ടയം നഗരമധ്യത്തിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ആകാശപ്പാതയ്ക്ക് തറക്കല്ലിട്ടത്. കിറ്റ്‌കോയ്ക്കായിരുന്നു നിർമാണ ചുമതല. എന്നാല്‍ പ്രായോഗികമല്ലാത്തതാണ് പദ്ധതിയെന്ന് പല കോണിൽ നിന്ന് വിമർശനം ഉയർന്നു.
ഇരുമ്പ് പൈപ്പിന്‍റെ ചട്ടക്കൂട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും സമരം നടത്തിയിരുന്നു. അതേസമയം 2015 ൽ ആരംഭിച്ച പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍, പിന്നീടുവന്ന എൽ.ഡി.എഫ് സർക്കാരിനെ പഴിചാരിയിരുന്നു.
ALSO READ: 'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉന്നത നേതാക്കൾ'; ഇനി വിവാദത്തിനില്ലെന്ന് സുധാകരൻ