കോട്ടയം: സിപിഐ ജില്ല സെക്രട്ടറിയായി അഡ്വ. വി.ബി ബിനുവിനെ തെരഞ്ഞെടുത്തു. ജില്ല സമ്മേളനത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തേക്ക് ആദ്യം വി.കെ സന്തോഷ് കുമാറിനെ സംസ്ഥാന നേതൃത്വം നിർദേശിച്ചെങ്കിലും, ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗം എതിര്‍ക്കുകയായിരുന്നു.
ഇതേതുടർന്നാണ്, വോട്ടെടുപ്പ് വേണ്ടിവന്നത്. 51 അംഗ ജില്ല കമ്മിറ്റിയിൽ ഭൂരിപക്ഷവും ബിനുവിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ജില്ല കമ്മിറ്റിയെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തെങ്കിലും പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ, വോട്ടെടുപ്പ് ഒഴിവാക്കുന്നതിനായി സംസ്ഥാന നേതൃത്വം കർശനമായ ഇടപെടൽ നടത്തിയെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാൻ തയ്യാറായില്ല.
നിരവധി തവണ യോഗം, ഒടുവില്‍...: രണ്ടുദിവസമായി ഏറ്റുമാനൂരിൽ ചേർന്ന ജില്ല സമ്മേളനത്തിൽ തിങ്കളാഴ്‌ചയാണ് പ്രതിനിധികൾ ചേർന്ന് ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്ത ശേഷം ആദ്യ യോഗം ചേരുന്നതിനിടെയാണ് തർക്കമുണ്ടായത്. ആദ്യവട്ടം ജില്ല കമ്മിറ്റി ചേർന്ന് സന്തോഷ് കുമാറിന്‍റെ പേര് ചർച്ച ചെയ്‌തു. എന്നാൽ, പ്രതിനിധികൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
ഇതേ തുടർന്ന് രണ്ടാം തവണയും ജില്ല കമ്മിറ്റി യോഗം ചേർന്നു. സന്തോഷ് കുമാറിന് പകരം അഡ്വ. വി.ബി ബിനുവിന്‍റെ പേരാണ് എതിർ വിഭാഗം മുന്നോട്ടുവച്ചത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. കെ.ഇ ഇസ്‌മയിൽ, ഇ ചന്ദ്രശേഖരൻ, സി.എൻ ചന്ദ്രൻ, പി വസന്തം, സത്യൻ മൊകേരി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.