കോട്ടയം: ജില്ലയിൽ പത്ത് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നുമാണ് എത്തിയത്. തലയാഴം കൊതവറയിൽ ഒരു കുടുംബത്തിലെ നാലു പേർക്കും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നു പേരും രോഗം ബാധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
മുബൈയിൽ നിന്നെത്തിയ എട്ട് പേരെയാണ് രോഗബാധിതരായി കണ്ടെത്തിയത്. ജൂൺ നാലിന് മുബൈയിൽ നിന്നെത്തിയ മുത്തോലി സ്വദേശിയായ 60കാരി ഇവരുടെ 37കാരനായ മകൻ ആറ് വയസുകാരനായ കൊച്ചുമകൻ, ജൂൺ അഞ്ചിന് മുബൈയിൽ നിന്നിത്തിയ തലയാഴം കൊതവറ സ്വദേശിയായ 57 കാരിയും ഇവരുടെ മൂന്ന് ആൺമക്കളും, എട്ടാം തിയതി മുബൈയിൽ നിന്നെത്തിയ പായിപ്പാട് സ്വദേശിയായ 35 കാരൻ, ചെന്നൈയിൽ നിന്നെത്തിയ ചെമ്പ് സ്വദേശി, സൗദി അറേബ്യയിൽ നിന്നെത്തിയ വെള്ളാവൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികത്സയിലുണ്ടായിരുന്ന മൂന്ന് പേർ രോഗമുക്തരായി മടങ്ങി.
ജില്ലയിൽ നിലവിൽ 83 പേരാണ് കൊവിഡ് ബാധിച്ച് ചികത്സയിലുള്ളത്. ഇതിൽ 40 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികത്സിലുള്ളത്.19 പേരാണ് പാലാ ജനറൽ ആശുപത്രിയിൽ ചികത്സയിലുള്ളത്. പുറമെ മൂന്ന് പേര് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികത്സയിലുണ്ട്.