കോട്ടയം : ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂൾ അധികൃതർ അധിക്ഷേപിക്കുന്നതായി പരാതി. തോട്ടക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജി സുരേഷിനെതിരെയാണ് പരാതി. സംഭവത്തില്‍ വാകത്താനം പൊലീസിൽ പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
സ്‌കൂളിൽ വച്ച് വിദ്യാര്‍ഥി സഹപാഠികൾക്ക് ലഹരി വസ്‌തുക്കൾ കൈമാറിയെന്ന ആരോപണം വ്യാജമാണെന്നും ഇത് പ്രിൻസിപ്പൽ കെട്ടിച്ചമച്ചതാണെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. അധിക്ഷേപം ഭയന്ന് വിദ്യാർഥിയും അനുജനും സ്‌കൂളിൽ പോകാത്ത അവസ്ഥയാണ്. സ്‌റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് അംഗവും മിമിക്‌സ് കലാകാരനുമാണ് വിദ്യാർഥി.
ലഹരി ഉപയോഗിച്ചുവെന്ന് ആരോപിച്ച് സമാന രീതിയിൽ മുൻപ് നാല് കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും മാതാപിതാക്കൾ ആരോപിച്ചു. ലഹരി ഉപയോഗം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് പിടിഎ അംഗമായ വിദ്യാര്‍ഥിയുടെ മാതാവ് ചോദ്യം ചെയ്‌തതിന്‍റെ വൈരാഗ്യമാണ് മകനെതിരെയുള്ള നടപടിയെന്ന് ഇവര്‍ ആരോപിക്കുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയാണെന്നും ഇവർ പറഞ്ഞു. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലായെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് വച്ച് പുകവലിച്ചുവെന്ന് മറ്റ് വിദ്യാർഥികൾ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വിദ്യാര്‍ഥിക്ക് മുന്നറിയിപ്പ് മാത്രമേ നൽകിയിട്ടുള്ളൂവെന്നും ശിക്ഷാനടപടി ഉണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ ജി സുരേഷ് പറഞ്ഞു. പരസ്യമായി തത്കാലം പ്രതികരിക്കാനില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ നിലപാട്.