കോട്ടയം: തലശ്ശേരിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആർഎസ്എസ് നടത്തിയ പ്രകടനം അത്യന്തം അപകടകരമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന ആര്‍എസ്എസിന് മാന്യത നൽകുന്നതാണെന്നും അഷ്റഫ് മൗലവി ആരോപിച്ചു.
എസ്‌ഡിപിഐ നടത്തിയ പ്രതിഷേധത്തെയും അപകടകരമെന്ന് വിശേഷിപ്പിച്ച കോടിയേരിയുടെ പ്രസ്‌താവന ദുഷ്‌ടലാക്കോടു കൂടിയാണ്. ഫാസിസ്റ്റുകൾക്ക് ഗുണകരമാകുന്ന നയങ്ങളാണ് കുറച്ചുകാലമായി മാർക്‌സിസ്റ്റ് പാർട്ടി സ്വീകരിച്ചുവരുന്നത്. ആർഎസ്എസിന്‍റെ പ്രഖ്യാപിത നയങ്ങൾക്കനുകൂലമായി സർക്കാരിന്‍റെ നയപരിപാടികളിലും മാറ്റം വന്നിരിക്കുന്നു. പൊലീസിനെ പോലും പക്ഷപാതപരമായി ഉപയോഗിക്കുകയാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
സംസ്ഥാനത്ത് ആർഎസ്എസ് കൊലപാതകങ്ങൾ തുടരുമ്പോഴും ഇരകളെയും വേട്ടക്കാരെയും തുലനം ചെയ്‌ത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നടത്തുന്ന പ്രസ്‌താവന അക്രമികൾക്ക് അനുകൂല സാഹചര്യം സൃഷ്‌ടിക്കുകയാണ്. ആർഎസ്എസിന് വെള്ളവും വളവും നൽകുന്ന നയമാണ് സർക്കാറും സിപിഎമ്മും സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധയുടെ കാപട്യം അനുദിനം വെളിവാകുകയാണെന്നും അഷ്റഫ് മൗലവി ആരോപിച്ചു.
തലശ്ശേരിയിൽ കെ.ടി ജയകൃഷ്‌ണൻ മാസ്റ്റർ അനുസ്‌മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി.