കോട്ടയം: സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച വിജയം. ബസ് ഉടമകള്‍ ചൊവ്വാഴ്‌ച മുതല്‍ നടത്താനിരുന്ന സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ മന്ത്രി ആന്‍റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തുടർ ചർച്ച നടത്തും. ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ സമരത്തിൽ നിന്നും പിന്മാറണമെന്ന സർക്കാർ നിർദേശം ബസ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. വിദ്യാർഥികളുടെയുൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരുന്നത്.
also read: ആവശ്യങ്ങള്‍ അംഗീകരിച്ച് സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച് ദീപ പി മോഹനൻ
ചര്‍ച്ചയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.