കോട്ടയം: കേരള കോണ്‍ഗ്രസിന് പത്തിടങ്ങളിലും ട്രാക്‌ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം ലഭിച്ചു. ചങ്ങനാശേരിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയും ഇതേ ചിഹ്നത്തിനായി അപേക്ഷ കൊടുത്തതോടെയുണ്ടായ പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചത്. കോട്ടയo ജില്ലയിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നിവയാണ് ഈ മണ്ഡലങ്ങൾ. ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ജെ. ലാലിക്ക് പുറമേ ഇന്ത്യന്‍ ക്രസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ബേബിച്ചന്‍ മുക്കാടനും ട്രാക്‌ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധിയായത്.
രണ്ട് രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ ഒരേചിഹ്നം ആവശ്യപ്പെട്ടാല്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് ചട്ടം. ചിഹ്നം ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസ് രണ്ട് ചിഹ്നത്തില്‍ മല്‍സരിക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി ലഭിച്ചതിന്‍റെ കത്തും സീലും മറ്റ് രേഖകളും ഹാജരാക്കാന്‍ കഴിയാതെ വന്നതാണ് കാരണം. പാര്‍ട്ടി സ്ഥാനാര്‍ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കാണ് മുന്‍തൂക്കം ലഭിക്കുക. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസിന് ട്രാക്‌ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം ഉറപ്പായത്.