ജമ്മു/ശ്രീനഗര്‍: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച ഉദ്ഘാടന ചടങ്ങ് നടക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു. എന്നായിരിക്കും പരിപാടി എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്ഥിരീകരണം വന്നാല്‍ മാത്രമേ തീയതി നിശ്ചയിക്കാനാകൂ.
ജമ്മു വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്‌ടറില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലെത്തും. പിന്നീട് അദ്ദേഹം കത്ര റെയില്‍വേ സ്‌റ്റേഷനിലെത്തി കശ്‌മീരിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌ത ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഇതിനായി രണ്ടിടങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കത്രയിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയവും ജമ്മുവിലെ മൗലാന ആസാദ് സ്‌റ്റേഡിയവുമാണ് ഇതിനായി പരിഗണിക്കുന്നത്. ഈ മാസം 24നും 25നും കത്രയ്ക്കും ശ്രീനഗറിനുമിടയില്‍ വന്ദേഭാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.
ദീര്‍ഘകാലമായി കാത്തിരുന്ന കശ്‌മീരിലേക്ക് നേരിട്ടുള്ള ട്രെയിന്‍ വിവിധ തടസങ്ങള്‍ മറികടന്ന് ഉത്തര റെയില്‍വേ സുരക്ഷ കമ്മീഷണര്‍ ദിനേശ് ചന്ദ് ദേശ്വാളിന്‍റെ പച്ചക്കൊടിയും നേടി. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. അന്തിമഘട്ട പരീക്ഷ ഓട്ടം റെയില്‍ സുരക്ഷാ കമ്മീഷണര്‍ നേരിട്ട് നിരീക്ഷിക്കും. ട്രയൽ റണ്ണിൽ 110 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിൻ കൂകിപ്പാഞ്ഞത്.
ഇതുവരെ ജമ്മു-ശ്രീനഗര്‍ ദേശീയ പാത വഴി ട്രക്കുകളിലും മറ്റും താഴ്‌വരയിലേക്ക് എത്തിയിരുന്ന ഇന്ധനങ്ങളും ചരക്കുകളും ഇനി മുതല്‍ ചരക്ക് തീവണ്ടികളിലെത്തിത്തുടങ്ങും. ഇതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജമ്മു കശ്‌മീരിലെ ട്രെയിന്‍ സര്‍വീസിന് സ്വാതന്ത്ര്യപൂര്‍വ കാലത്തോളം പഴക്കമുണ്ട്. 1890 ലാണ് ജമ്മുവിനും സിയാല്‍കോട്ടിനുമിടയില്‍ ആദ്യമായി തീവണ്ടി ഓടിയത്. സിയാല്‍കോട്ട് ഇപ്പോള്‍ പാകിസ്ഥാനിലാണ്.
1965 ലെ ഇന്ത്യ പാക് യുദ്ധത്തിന് ശേഷമാണ് ജമ്മുവിലേക്ക് പഞ്ചാബില്‍ നിന്നൊരു ട്രെയിന്‍ സര്‍വീസിനുള്ള ജോലികള്‍ ആരംഭിച്ചത്. 1972 ല്‍ ഇപ്പോള്‍ ഝലം എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന ശ്രീനഗര്‍ എക്‌സ്‌പ്രസ് ജമ്മുവിലെത്തി. പിന്നീട് മറ്റ് ട്രെയിനുകളും ശീതകാല തലസ്ഥാനത്തേക്ക് വന്നുചേര്‍ന്നു.
1981ല്‍ ജമ്മു-ഉധംപൂര്‍ ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമായി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1983 ഏപ്രില്‍ പതിനാലിന് ഇതിനുള്ള തറക്കല്ലിട്ടു. സമയപരിധികളെല്ലാം പല വട്ടം ലംഘിച്ച പദ്ധതി 2005 ഏപ്രില്‍ 13 ന് യാഥാര്‍ത്ഥ്യമായി. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉധംപൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2009 ഒക്‌ടോബറില്‍ കശ്‌മീരില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. 2014 ജൂലൈ നാലിന് കത്രയിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്‍റെ അടിവാരത്തേക്കും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇത് രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‌തത്.