കോട്ടയം: ഓളപ്പരപ്പിലൂടെ കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ നിരാശരാക്കി വേമ്പനാട്ട് കായലിലെ പോള. പച്ചപ്പ് നിറഞ്ഞ മൈതാനത്തിന് സമാനമാണ് നിലവിൽ കായലിന്‍റെ സ്ഥിതി. ഇതോടെ ജലഗതാഗത ടൂറിസത്തിനും ഹൗസ് ബോട്ടുകൾക്കും പോള വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ചീപ്പുങ്കൽ മുതൽ വെച്ചൂർപള്ളി വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായും പോള തിങ്ങി നിറഞ്ഞിരിക്കുന്നത്. ഇടതോടുകളിൽ നിന്നുമെത്തുന്ന പോളയാണ് ഹൗസ് ബോട്ടുകളുടെ ജലപാതയിലും വില്ലനായെത്തുന്നത്. പോള ശല്യം വരുമാനത്തെയും സഞ്ചാരികളുടെ വരവിനെയും ഗണ്യമായി ബാധിച്ചു.
130ലധികം ഹൗസ് ബോട്ടുകളാണ് വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്നത്. പോള ശല്യത്തെ തുടർന്ന് ബോട്ട് ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സഞ്ചാരികളെ കൊണ്ടുപോകുന്നതിനായി 150 ഓളം ശിക്കാര വള്ളങ്ങളുമുണ്ട്. ഇവയും സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഒരു ബെഡ്‌റൂം മുതൽ 10 ബെഡ്‌റൂം വരെയുള്ള ഹൗസ് ബോട്ടുകളുണ്ട്. സർവീസ് നടത്താൻ കഴിയാതെ വരുന്നതോടെ ഒരു ദിവസത്തെ നഷ്‌ടം 5000 രൂപ മുതൽ 50000 രൂപ വരെയാകുമെന്ന് ബോട്ട് ഉടമകൾ പറയുന്നു. കൂടാതെ ഹൗസ് ബോട്ടിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, കോഴിക്കട ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ടാകസ് സർവീസ് മേഖല തുടങ്ങിയവരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.
വിദേശ സഞ്ചാരികൾ കുറഞ്ഞു, വരുമാനം നിലച്ചു : കുമരകം, ചീപ്പുങ്കൽ എന്നിവിടങ്ങളിൽ നിന്ന് ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തിയിരുന്ന വിദേശ സഞ്ചാരികളും, ഇതര സംസ്ഥാന സഞ്ചാരികളും കുമരകത്തേയ്ക്ക് എത്താതെ ആലപ്പുഴയിലേക്ക് നേരിട്ട് പോകുകയാണ്. പ്രതികൂല സാഹചര്യത്തെ മറികടന്നും സർവീസ് നടത്തുന്ന ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുരുങ്ങി കേടാകുന്നതിനും എൻജിൻ തകരാറ് സംഭവിയ്ക്കുന്നതിനും ഇടയാക്കുന്നു.
പോള ചീഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നതും ദുർഗന്ധം വമിക്കുന്നതും വെള്ളം മലിനമാകുന്നതുമാണ് മറ്റൊരു പ്രതിസന്ധി. കൂടാതെ കൊതുകുശല്യവും രൂക്ഷമാണെന്ന് ബോട്ട് ജീവനക്കാർ പറയുന്നു. പോള ശല്യം സംബന്ധിച്ച വിഷയം മന്ത്രി വി എൻ വാസവന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ജലടൂറിസം മന്ത്രിയ്ക്കും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലും ആലപ്പുഴ കോട്ടയം ജില്ലാ കലക്‌ടർമാർക്കും ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനും ഹൗസ് ബോട്ട് തൊഴിലാളി യൂണിയനും പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ പോള യഥാസമയം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
പോള പ്രതിസന്ധിയ്ക്ക് പരിഹാരം വേണം: അശാസ്ത്രീയമായ കൃഷി രീതിയും തണ്ണീർമുക്കം ബണ്ട് തുറക്കാത്തതുമാണ് പോള പ്രതിസന്ധിയ്ക്ക് കാരണം. മഴ പെയ്യുകയോ ബണ്ട് തുറക്കുകയോ ചെയ്‌താൽ മാത്രമേ പോള മാറുകയുള്ളൂ. ഹൗസ് ബോട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ സ്വന്തം ചെലവിൽ ഇടതോടിൽ നിന്നും പോള കായലിലേക്ക് കയറാതിരിക്കാൻ കുറ്റി സ്ഥാപിച്ച് തടയുണ്ടാക്കിയിരുന്നെങ്കിലും ശാശ്വത പരിഹാരമായില്ല.
ടൂറിസ്റ്റുകളുടെ സീസൺ സമയമാണിത്. കൊവിഡാനന്തരം കരകയറുന്ന മേഖല വീണ്ടും താഴ്ച്ചയിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ് നിലവിലെന്നും ഇവർ പറയുന്നു. പോള നീക്കം ചെയ്‌ത് സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ ഇന്നലെ ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലേയ്ക്ക് സമരം നടത്തി.