കോട്ടയം: മഴ മൂലം വിൽക്കാൻ കഴിയാതിരുന്ന ടിക്കറ്റിൽ നിന്ന് ലോട്ടറി കച്ചവടക്കാരന് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കോട്ടയം തിരുവഞ്ചൂർ കുര്യനാട് വീട്ടിൽ സജിമോനാണ് ഭാഗ്യശാലി. ദീപാവലി ദിനത്തിൽ നറുക്കെടുത്ത കാരുണ്യപ്ലസ് (KN-393) ലോട്ടറി ടിക്കറ്റ് PN- 567732 എന്ന നമ്പറിനാണ് 80 ലക്ഷം രൂപ അടിച്ചത്.
കോട്ടയം കാരാപ്പുഴയിൽ ശ്രീകാന്ത് വേണുഗോപാലൻ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജൻസിൽ നിന്നും ഹോൾസെയിൽ വിറ്റ ടിക്കറ്റ് കോട്ടയം തിരുനക്കരയിലെ ശ്രീകൃഷ്ണ, ഭാഗ്യമാല ലോട്ടറി ഷോപ്പിൽ നിന്നുമാണ് സജിമോൻ എടുത്തത്.
എട്ട് വർഷമായി ലോട്ടറി കച്ചവടം നടത്തുന്ന 58കാരനായ സജിമോന് ഇത് അപ്രതീക്ഷിത ഭാഗ്യമാണ്. നറുക്കെടുപ്പിന് തൊട്ടുമുമ്പ് വരെ ആരെങ്കിലും ലോട്ടറി വാങ്ങുമെന്ന് കരുതി സജിമോൻ ടിക്കറ്റ് സൂക്ഷിച്ചിരുന്നു. എന്നാൽ മഴ മൂലം വാങ്ങാൻ ആരുമുണ്ടായിരുന്നില്ല. പിന്നെ ടിക്കറ്റ് തിരിച്ചു നൽകാതെ സജിമോൻ കൈവശം വയ്ക്കുകയായിരുന്നു.
ALSO READ: കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ, പ്രദേശ വാസികളെ ഒഴിപ്പിച്ചു
നാട്ടുകാർ തമ്പിയെന്നു വിളിക്കുന്ന സജിമോൻ സൈക്കിളിലും, ചില ദിവസങ്ങളിൽ നടന്നുമാണ് ലോട്ടറി വിൽക്കുന്നത്. തടിവെട്ടായിരുന്നു സജിമോന്‍റെ തൊഴിൽ. ഈ ജോലി ഇല്ലാതിരുന്ന സമയത്ത് കടകളിൽ പലചരക്ക് സാധനങ്ങൾ ഇറക്കി കൊടുക്കുന്ന ജോലിക്ക് പോകുമായിരുന്നു.
ചുമട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ സജിമോന്‍റെ നട്ടെല്ലിന് ക്ഷതമേറ്റു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷൻ നടത്തി. പിന്നീട് ഭാരിച്ച പണികൾ എടുക്കാൻ കഴിയാതെയായതോടെ ലോട്ടറി കച്ചവടം ആരംഭിക്കുകയായിരുന്നു. നേരത്തേയും സജിമോന് ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചിട്ടുണ്ട്.
വിൽക്കാതെ വന്ന അഞ്ചു ലോട്ടറികളിൽ ഒന്നിനാണ് സമ്മാനം. വീട് പുതുക്കിപ്പണിയണമെന്നും കടങ്ങൾ വിട്ടുണമെന്നുമാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. ഭാര്യ: ലീലാമ്മ, മക്കൾ: സ്നേഹ, സുജേഷ്.