കോട്ടയം: പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു. കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് ഇന്നലെ രാത്രി 7.35ഓടെ മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
നവംബർ ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫിസിൽ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ജോയ് കുഴഞ്ഞു വീഴുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്‌ച.