കോട്ടയം: കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പറയും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പൂർണ പിന്തുണ നൽകും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയാണ് നടക്കാന്‍ പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിഷേധത്തിനിടെ സംഘർഷം നടന്ന കോട്ടയം മാടപ്പളളി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
'പൊലീസിനെ കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു നീക്കവും നടക്കില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ ഏതു ക്രൂരതയും നടത്തുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ടത് ഒന്നും സർക്കാർ പാലിച്ചിട്ടില്ല.'
'ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പൊലീസ് മനപൂര്‍വം നടത്തിയതാണ്. സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് സങ്കടം പറഞ്ഞ സ്‌ത്രീകളെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്'
ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്. ഒരു അനുമതിയോ സര്‍വേയോ പഠനമോ നടത്തുന്നതിനു മുന്‍പ് സ്ഥലം ഏറ്റെടുക്കില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാരാണ് കല്ലിടല്‍ നടത്തുന്നത്. പദ്ധതിയുടെ പേരില്‍ 2 ലക്ഷം കോടി രൂപ ലോണ്‍ എടുക്കാന്‍ വേണ്ടിയുള്ള വന്‍ അഴിമതിയിലേക്കാണ് പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് മാടപ്പള്ളിയിലെത്തിയത്. അമ്മയെ വലിച്ചിഴച്ച പൊലീസിനെ തടയാന്‍ ശ്രമിച്ച കുഞ്ഞിനെ ഷാള്‍ അണിയിച്ച് പ്രതിപക്ഷ നേതാവ് ആദരിച്ചു. പൊലീസ് നടപടിയില്‍ പരിക്കേറ്റവരെയും നേതാക്കള്‍ കണ്ടു.