കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 22ന് നടക്കാനിരിക്കെ മുന്നണികളില്‍ കണക്കുകൂട്ടലുകള്‍ പുരോഗമിക്കുന്നു. ഇതിനിടെ, വൈസ് ചെയര്‍പേഴ്‌സൺ ബല്‍ക്കീസ് നവാസിന് ജനപക്ഷം വിപ്പ് നല്‍കുമെന്നും അവര്‍ അത് അനുസരിക്കേണ്ടിവരുമെന്നും ജനപക്ഷം പാർട്ടി അംഗമായ കൗണ്‍സിലര്‍ പി.എച്ച് ഹസീബ് പറഞ്ഞു. കുഞ്ഞുമോള്‍ സിയാദ് എന്നിവരടക്കം നാല് പേര്‍ ഇപ്പോഴും ജനപക്ഷമാണെന്ന് ഹസീബ് പറഞ്ഞു. ബല്‍ക്കീസ് സിപിഎമ്മിലേക്ക് പോയെങ്കിലും വിപ്പ് അനുസരിക്കാന്‍ ബാധ്യസ്ഥയാണ്. ഔദ്യോഗിക ചിഹ്നത്തില്‍ നിന്നു മല്‍സരിച്ചവരാണ് കുഞ്ഞുമോളും ബല്‍ക്കീസും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ തീരുമാനിക്കുമെന്നും ഹസീബ് പറഞ്ഞു.
അതേസമയം, ജനപക്ഷത്തിന്‍റെ വിപ്പ് അംഗീകരിക്കില്ലെന്ന് ബല്‍ക്കീസ് നവാസ് പറഞ്ഞു. ഇതിന് മുന്‍പ് നടന്ന വോട്ടെടുപ്പുകളിലൊന്നും വിപ്പ് നല്‍കിയിരുന്നില്ല. സിപിഎമ്മിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. സിപിഎം പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യും. ഇപ്പോള്‍ നിലവിലുണ്ടോ എന്നുപോലും സംശയമുള്ള പാര്‍ട്ടിയുടെ വിപ്പ് ബാധകമാകില്ല. ഹസീബിന് വിപ്പ് നല്‍കാൻ അധികാരമില്ലെന്നും ബല്‍ക്കീസ് നവാസ് പറഞ്ഞു.