കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ജാക്കിർ ഹുസൈൻ ആണ് 1.100 ഗ്രാം കഞ്ചാവുമായി പാലാ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവിടെ എത്തിച്ച ശേഷം കഞ്ചാവ് ചെറു പൊതികളാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എം സൂരജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഫിലിപ്പ് തോമസ്, പ്രിവന്‍റീവ് ഓഫിസർ സി. സാബു, ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫിസർ രഞ്ജിത്ത് കെ നന്ത്യാട്ട്, വനിത സിവിൽ എക്‌സൈസ് ഓഫിസർ വിനീത ബി നായർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.