കോട്ടയം: ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും ഏറ്റുമുട്ടുകയാണ്. ആയിരങ്ങൾ കൊല്ലപ്പെട്ടു. കണ്ണില്ലാത്ത ക്രൂരതയുടെ വിളനിലമായി യുദ്ധഭൂമി മാറിക്കഴിഞ്ഞു. അതിനിടെയാണ് ഇസ്രയേലില്‍ നിന്നൊരു വാർത്ത വന്നത്... അഭിനന്ദനങ്ങൾ ഇന്ത്യൻ സൂപ്പർ വുമൺ എന്ന വാർത്ത മലയാളിക്കും ഏറെ പ്രിയപ്പെട്ടതായി മാറി. മലയാളികളായ രണ്ട് കെയർടേക്കർമാർ ഇസ്രയേലി വൃദ്ധ ദമ്പതിമാരുടെ ജീവൻ രക്ഷിച്ചതും സൂപ്പർ വുമണായതും ചെറിയ കഥയല്ല.
കോട്ടയം ജില്ലയിലെ പെരുവ പ്ലാന്തടത്തിൽ, ചെത്തു തൊഴിലാളിയായ മോഹനന്‍റെ മകൾ മീര മോഹനനും, കണ്ണൂർ കീഴ്പ്പള്ളി സ്വദേശി സബിത ബേബിയും ഇസ്രയേല്‍ -പലസ്‌തീൻ അതിർത്തിയിലെ കിബൂസ് എന്ന സ്ഥലത്താണ് ജോലി ചെയ്യുന്നത്. അവിടെ ഒരു വീട്ടില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന വൃദ്ധ ദമ്പതിമാരെ പരിചരിക്കുന്ന ജോലിയാണ് ഇരുവർക്കും. മീര അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകട സൈറൺ നിർത്താതെ മുഴങ്ങിത്തുടങ്ങിയത്. അപകടം മനസ്സിലാക്കിയ മീരയും സബിതയും വൃദ്ധ ദമ്പതികളെയും കൊണ്ട് വീടിനകത്തെ ബങ്കറിൽ കയറി.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഹമാസ് അക്രമി സംഘം വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറി. ബങ്കറിന്‍റെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും മീരയും, ബബിതയും ചേർന്ന് വാതില്‍ തുറക്കാതെ എതിർത്ത് നിന്നു. രാവിലെ 6.30 ന് തുടങ്ങിയ ആക്രമണം ഉച്ചക്ക് 1.30 വരെ തുടർന്നു. ഇസ്രയേൽ സൈന്യം എത്തിയ ശേഷമാണ് അക്രമികൾ വീട് വിട്ടിറങ്ങിയത്.
ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണ ആഭരണങ്ങളും, സബിതയുടെ ഭർത്താവിന് നൽകാൻ വാങ്ങിയ വില കൂടിയ വാച്ചും, മീരയുടെ പാസ്പോർട്ടും, മൊബൈൽ ഫോണുമെല്ലാം അക്രമികൾ കൊണ്ടുപോയി. കൊണ്ടു പോകാൻ കഴിയാത്തതെല്ലാം വെടിവെച്ച് നശിപ്പിച്ചു. പിറ്റേ ദിവസം രാവിലെ അറിഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. അയല്‍പക്കത്തെ അഞ്ച് വീടുകളിലെ എല്ലാവരേയും അക്രമികൾ കൊന്നു. സ്വന്തം ജീവൻ പണയം വെച്ച് തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമുണ്ട്. പക്ഷേ ആ വെടിയൊച്ചയുടെ ഭീതി ഇനിയും മാറിയിട്ടില്ലെന്നാണ് മീര പറഞ്ഞത്.