കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ജു പി ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ ഡിവൈഎസ്‌പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ആരോപിച്ചു. നീതി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും സുരേഷ് പറഞ്ഞു.
ഈ വർഷം ജൂൺ ആറിനാണ് അഞ്ജു മരിച്ചത്. കോപ്പിയടി പിടിക്കപെട്ടതിനെ തുടര്‍ന്ന് അഞ്ജു ആത്മഹത്യ ചെയുകയായിരുന്നുവെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം ആരോപണത്തെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതില്‍ മനംനൊന്ത് അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളും ഹിന്ദു ഐക്യവേദിയും ആരോപിക്കുന്നത്. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം.
കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടക്കുന്നുണ്ട്. അഞ്ജുവിന്‍റെ കുടുബത്തിന് നീതി ലഭിക്കും വരെ സമരം തുടരും. ആദ്യന്തര വകുപ്പിന്‍റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കേസ് സിബിഐയെ ഏല്‍പിക്കണമെന്നും കെ.പി സുരേഷ് ആവശ്യപ്പെട്ടു. അഞ്ജു പി ഷാജിയടെ മാതാപിതാക്കളും മാർച്ചിൽ പങ്കെടുത്തു.