കോട്ടയം: കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് പതിനൊന്നുകാരി. നീന്തല്‍ പരിശീലകനായ ബിജു തങ്കപ്പന്‍റെയും പാരപ്പട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടെയും മകളായ ലയ ബി നായരാണ് ഈ കൊച്ചു മിടുക്കി. കോതമംഗലം സെന്‍റ് അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലയ.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് നാലര കിലോമീറ്റര്‍ ദൂരം താണ്ടി ലയ നീന്തിക്കയറിയത്. അരൂര്‍ എംഎല്‍എ ദലീമ ജോജോ ലയയുടെ കൈകളില്‍ വിലങ്ങണിയിച്ചു. ഇന്നലെ (12.11.2022) രാവിലെ എട്ട് മണിക്ക് നീന്തല്‍ ആരംഭിച്ച് 10 മണിയോടെ വൈക്കം കായലോരം ബീച്ചില്‍ എത്തി.
കായലോരം ബീച്ചില്‍ കോട്ടയം എംപി തോമസ് ചാഴിക്കാടന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ലയയെ ഉപഹാരം നൽകി സ്വീകരിച്ചു. കുട്ടിയുടെ സുരക്ഷ മുൻനിർത്തി അഞ്ചു മീറ്ററകലെ പിതാവും നീന്തൽ പരിശീലകനുമായ ബിജു തങ്കപ്പനും സഹപരിശീലകൻ സജിത്ത് ടോമും വെള്ളത്തിൽ അനുഗമിച്ചിരുന്നു.
പഞ്ചായത്ത് കുളത്തില്‍ നീന്തി പരിശീലിച്ച ലയ ആത്‌മവിശ്വാസത്തിന്‍റെ കരുത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായല്‍ നീന്തിക്കടക്കാന്‍ എത്തിയത്. ഈ വര്‍ഷം തന്നെ ബിജു പരിശീലിപ്പിച്ച നാല് കുട്ടികള്‍ വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് റെക്കോഡ് നേടിയിരുന്നു.