കോട്ടയം : ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞ രശ്‌മി രാജിന്‍റെ (34 )സംസ്‌കാരം ഇന്ന് വൈകുന്നേരം കോട്ടയം കിളിരൂരിലെ വീട്ടുവളപ്പില്‍ നടന്നു. ഇന്നലെ വൈകിട്ടാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രശ്‌മി മരിച്ചത്. ഡിസംബര്‍ 29ന് കോട്ടയം സംക്രാന്തിയിലെ കുഴിമന്തി എന്ന ഹോട്ടലിൽ നിന്ന് അല്‍ഫാം പാഴ്‌സലായി വാങ്ങി കഴിച്ച ശേഷം ആരോഗ്യസ്ഥിതി മോശമായ രശ്‌മിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം ഐസിയുവിലെ നഴ്‌സായിരുന്നു രശ്‌മി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് ഉറപ്പിക്കണമെങ്കിൽ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം. അതേസമയം രശ്‌മിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ ഭർത്താവ് വിനോദും നെയ്യാറ്റിൻകരയിൽ നിന്നെത്തിയ ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ ആദരാഞ്ജലികള്‍ അർപ്പിച്ചു.