കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിൽ തീപിടിത്തം. ചൊവ്വാഴ്‌ച ഉച്ചയോടെ കാര്‍ഡിയോളജി വിഭാഗത്തിലെ ജനറേറ്ററിന് തീപിടിക്കുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട ഉടനെ പൊലീസിനെയും അഗ്നിശമന സേനയേയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
കാര്‍ഡിയോളജി വിഭാഗത്തിന്‍റെ പരിസരത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ട രോഗികളും കൂട്ടിരിപ്പുകാരുമാണ് വിവരം ജീവനക്കാരെ അറിയിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ അണയ്‌ക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ രണ്ട് എയര്‍ കണ്ടീഷനറുകള്‍ കത്തി നശിച്ചു. കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.