കോട്ടയം: കല്ലറ കൃഷിഭവനിൽ ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ. നെല്ല് സംഭരണം വൈകുന്നതിനെ തുടർന്നാണ് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലറ കിണറ്റുകര പാടശേഖര സമിതി കൺവീനർ സെബാസ്റ്റ്യനാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കൊയ്തെടുത്ത നെല്ല് 28 ദിവസമായി പാടശേഖരത്ത് കിടക്കുകയാണ്. നെല്ല് ഉടൻ സംഭരിക്കണമെന്നാവശ്യപ്പെട്ട് കൃഷി ഓഫീസിലെത്തിയ സെബാസ്റ്റ്യൻ പെട്ടെന്ന് സ്വയം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്നവരുടെ ഇടപെടൽ മൂലം കൂടുതൽ പ്രശ്‌നങ്ങളുണ്ടായില്ല. നെല്ല് സംഭരിക്കാമെന്ന് കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡന്‍റും സെബാസ്റ്റ്യന് ഉറപ്പ് നൽകി.