കോട്ടയം: ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്‍റിജൻ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വാഹനത്തിൽ മത്സ്യ കച്ചവടം നടത്തുന്ന ഓണംതുരുത്ത് സ്വദേശിയായ 56 കാരനാണ്. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂർ കലുങ്ക് സ്വദേശിയായ 35 കാരനാണ്. പനിയെ തുടര്‍ന്ന് ഇയാള്‍ ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല. മാർക്കറ്റിലേക്ക് തമിഴ്നാട്ടിൽ നിന്നടക്കം മത്സ്യങ്ങളുമായി വാഹനങ്ങൾ എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്ന ആരിൽ നിന്നെങ്കിലുമാവാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ.
വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് പൂർണ്ണമായും അടച്ചിടും. ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യവ്യാപാരിയുടെ റൂട്ട് മാപ്പ് പരിശോധിച്ച് വരികയാണ്. ഇരുവരുടെയും സ്രവ പരിശോധനാ ഫലം ലഭിക്കാനുണ്ട്.