കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ നിലവിലെ ചെയര്‍മാന്‍ വി.എം സിറാജ് സ്ഥാനമൊഴിയുന്നു. അധികാരമേറ്റ കാലയളവില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണപ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസിനാണ്. മുന്‍ധാരണപ്രകാരം ചെയര്‍മാന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിസാര്‍ കുര്‍ബാനിക്കാണ് അടുത്ത അവസരം.
2019 നവംബര്‍ 13നാണ് വി.എം സിറാജ് നഗരസഭ അധ്യക്ഷനായി ചുമതലയേറ്റത്. നഗരസഭയായി ഉയര്‍ത്തപ്പെട്ടതോടെ പ്രഥമ ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിനായിരുന്നു. ആദ്യ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ ടി.എം റഷീദായിരുന്നു. പാര്‍ട്ടിക്ക് അനഭിമതനായതോടെ ടിഎംആര്‍ പുറത്തായി. പിന്നീട് യുഡിഎഫ് പിന്തുണയോടെ അധികാരത്തിലെത്തിയ വി.കെ കബീറിനെ നഗരസഭാ പുറംപോക്കിലെ തടി വില്‌പനയുടെ പേരില്‍ പുറത്താക്കിയാണ് ലീഗ് അധികാരം തിരികെ പിടിച്ചത്.
അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതികളില്‍ പകുതിയോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞതായും കൊവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നിലാണ് ഈരാറ്റുപേട്ട എന്നും വി.എം സിറാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാമത് ആയതും ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര ഫണ്ട് ഈരാറ്റുപേട്ടയില്‍ എത്തിച്ചതും ഹ്രസ്വമായ ഭരണ കാലഘട്ടത്തിലെ അഭിമാന നേട്ടങ്ങളാണെന്നും സിറാജ് വിശദീകരിച്ചു.
എന്നാല്‍ ചൂണ്ടിക്കാണിക്കാവുന്ന ഒരു വികസന പദ്ധതികളും ഭരണകാലയളവില്‍ നടപ്പായിട്ടില്ലെന്ന് ടി.എം റഷീദ് ആരോപിച്ചു. ധാരണ നിലനില്‍ക്കുന്ന പക്ഷം രാജി വയ്ക്കണമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന. ഇതുപ്രകാരം ചെയര്‍മാന്‍ നാളെ ഉച്ചയോടെ രാജിവെച്ചേയ്ക്കും. കോണ്‍ഗ്രസിന് മുന്‍ധാരണ പ്രകാരം സ്ഥാനം നല്‍കിയില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം, കൊവിഡ് കാലത്ത് ഭരണമാറ്റം ഒഴിവാക്കണമെന്ന ആവശ്യവും സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമാണ്.