കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് ഡയാലിസിസ് സെന്‍റർ പ്രവർത്തനം ആരംഭിച്ചത്. ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം നിർവഹിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടും കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്‍റർ നിർമാണം പൂർത്തീകരിച്ചത്. ഏഴ് വർഷം മുൻപ് സെന്‍റർ അനുവദിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മറ്റ് പലവിധ കാരണങ്ങളും കാരണം സെന്‍റർ പ്രവർത്തനമാരംഭിച്ചിരുന്നില്ല. തുടർന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൂർണമായും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്. മുൻപ് ചികിൽസിച്ച രേഖകൾ, സാമ്പത്തിക സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഒരാൾക്ക് ഡയാലിസിസ് ചെയുന്നതിന് 1200 രൂപയോളമാണ് ചിലവ്. ഇത് പൂർണമായും സമിതി വഹിക്കും. ദിവസം ഒൻപത് പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. മുഴുവൻ സമയം ഡോക്‌ടറുടെ സേവനവും ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാധ്യക്ഷൻ നിസാർ കർസാനി അധ്യക്ഷത വഹിച്ചു. വൈസ് ചെയ്യർപേഴ്‌സൺ ബൽക്കിസ് നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ പ്രേംജി, വ്യാപാരി വ്യവസായ എകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് എഎംഎ ഖാദർ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിഎച്ച് ഹസീബ്, നഗരസഭാ കൗൺസിലർമാർ, ഡോ. നിഹാൽ, ഡോ. വ്യാസ് സുകുമാർ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.