കോട്ടയം: യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് വേണ്ടി സ്വാതന്ത്ര്യ സമരസേനാനികളായ കോൺഗ്രസ് നേതാക്കളെപ്പോലും തിരസ്‌കരിക്കുകയായിരുന്നുവെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. മുന്നണിക്ക് ഭരണം കിട്ടാൻ വേണ്ടി കോൺഗ്രസിന്റെ കഴിവും രാഷ്ട്രീയ പാരമ്പര്യവുമുള്ളവരെ അരനൂറ്റാണ്ടിലധികമായി ഘടകകക്ഷികൾക്ക് വേണ്ടി ബലികഴിച്ചു. ഇവിടുത്തെ സ്വാതന്ത്യ സമര സേനാനികൾക്ക് സ്മാരകം പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ഉള്ള സ്മാരകങ്ങൾ പോലും ഇല്ലാതാകുന്നു. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും ഇവിടുത്തെ കോൺഗ്രസിന്‍റെ നഗരാസഭാ കൗൺസിലർമാർക്കായിട്ടില്ലെന്നും സിറിയക് തോമസ് പറഞ്ഞു. പ്രൊഫ കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സിറിയക് തോമസ്.
പാലാ ടൗൺഹാൾ ആരുടെ പേരിലാണോ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ചിത്രം പോലും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. പാലായിലെ പഴയകാല കോൺഗ്രസ് നേതാക്കളുടെ പേരെങ്കിലും നിലനിർത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ് തുടങ്ങിയവര്‍ പങ്കെടുത്തു.