ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിന് പിന്നാലെ പ്രതിഷേധം ഭയന്ന് ബോര്‍ഡ് അംഗങ്ങള്‍ പൊതുപരിപാടിയില്‍ നിന്ന് പിന്‍മാറി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്കാരിക ചടങ്ങുകളില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ പത്മകുമാറും മെമ്പര്‍മാരായ വിജയകുമാറും, കെപി ശങ്കര്‍ദാസും വിട്ടു നിന്നത്.
സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുക്കേണ്ടത് പ്രസിഡന്‍റും അംഗങ്ങളുമാണ്. പരിപാടികളുടെ നോട്ടീസില്‍ അടക്കം ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ പേരുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് ഇവരെല്ലാം ഏറ്റുമാനൂരിലേക്കുളള യാത്ര റദ്ദാക്കിയെന്നാണ് വിവരം.
ക്ഷേത്രത്തില്‍ വച്ച് പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുളള യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ വ്യക്തമാക്കി. കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി പ്രസിഡന്‍റ് എ പത്മകുമാർ എത്തില്ലെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.
യുവതീപ്രവേശനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ രീതിയിലുളള പ്രതിഷേധമുണ്ടായ സ്ഥലങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എത്തുന്ന പക്ഷം കരിങ്കൊടി പ്രതിഷേധമടക്കം നടക്കാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.