കോട്ടയം: ആദ്യകാല സിപിഐ നേതാവ് കെ.വി. കൈപ്പള്ളി അച്ചന്‍ (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് എട്ട് മണിക്ക് കൊണ്ടൂര്‍ വീട്ടു വളപ്പില്‍ നടക്കും. മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ടക്കടുത്തുള്ള കൊണ്ടൂര്‍ വില്ലേജില്‍ കൈപ്പള്ളി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്‍റെയും മകനായി 1925ലാണ് കെകെ വാസുദേവന്‍ നമ്പൂതിരിയെന്ന കെ.വി. കൈപ്പള്ളി ജനിച്ചത്.
1949ല്‍ തിരുവിതാംകൂര്‍ കര്‍ഷകസംഘത്തിന്‍റെ കൊണ്ടൂര്‍ പ്രാദേശിക സംഘം രൂപീകരിക്കുകയും അതിൽ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് പ്രസ്ഥാനത്തിലേക്ക് വന്നു. 1950ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കൊണ്ടൂര്‍ സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1954ല്‍ ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറിയും മീനച്ചില്‍ താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു. 1953ലും 55ലും തിരുകൊച്ചി കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തില്‍ ഓച്ചിറയിലും പന്തളത്തും പങ്കെടുത്തു. 1980കളില്‍ ആര്‍ടിഎ ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം 1987 മുതല്‍ 91 വരെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1961ല്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായി. 2011ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. അനാരോഗ്യത്തെതുടര്‍ന്ന് ഒഴിവായതോടെ ജില്ലാ കൗണ്‍സിലില്‍ സ്ഥിരം ക്ഷണിതാവായി സേവനമനുഷ്‌ഠിച്ചു. നിലവിൽ മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റും കിസാന്‍ സഭയുടെ ജില്ലാ വൈസ് പ്രസിഡന്‍റുമായിരുന്നു അദ്ദേഹം.
1973 മുതല്‍ 20 വര്‍ഷം കിസാന്‍സഭ കോട്ടയം ജില്ലാ പ്രസിഡന്‍റായിരുന്നു. 1982ല്‍ സിപിഐ മീനച്ചില്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മീനച്ചില്‍ താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നുവരെയുള്ള വളര്‍ച്ചക്ക് കാരണമായത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ്. ജാതിയും അനാചാരങ്ങളും സൃഷ്ടിച്ച അയിത്തത്തിനെതിരെയും തൊട്ടുകൂടായ്‌മയ്ക്കും തീണ്ടലിനുമെതിരെയും പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് കെ.വി കൈപ്പള്ളി. നമ്പൂതിരി സമുദായത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ കണ്ടുവളര്‍ന്ന കൈപ്പള്ളിയുടെ ഇതിനെതിരായി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചു. വിദ്യാർഥിയായിരിക്കെത്തന്നെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്‍റെ സാമൂഹിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കഥകളി അഭ്യസിക്കാന്‍ പോയതോടെ പഠനം തുടരാന്‍ കഴിഞ്ഞില്ല.
ഈരാറ്റുപേട്ടയിലെ റേഷന്‍ ഹോള്‍സെയില്‍ കടയില്‍ നാല് ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നു. 1957ലെ തെരഞ്ഞെടുപ്പ് വരെ ഇത് നീണ്ടു. 1968ല്‍ നടത്തിയ പൂഞ്ഞാര്‍ ചെത്ത് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹം തന്നെയാണ്. 1986ല്‍ നെല്‍കൃഷി മേഖലയിലെ ദുരിതം പരിഹരിക്കാന്‍ ജനാര്‍ദനന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐതിഹാസികമായ സമരം നടത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള പനക്കപ്പാലം കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളി സമരം നാൽപത് ദിവസത്തോളം നീണ്ടുനിന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂഞ്ഞാറില്‍ വലിയ അടിത്തറ ഉണ്ടാക്കിയത് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിജാഥയും മറ്റ് സമരങ്ങളുമാണ്. ജാതിയും മതവും അറിയാതിരിക്കാനാണ് കൈപ്പള്ളി എന്ന പേര് സ്വീകരിച്ചതെന്നും കമ്യൂണിസ്റ്റുകാരനായതോടെ പല പരമ്പരാഗത നിലപാടുകളിലും മാറ്റം വരുത്താന്‍ കഴിഞ്ഞതായും കൈപ്പള്ളി മുന്‍പ് പറഞ്ഞിട്ടുണ്ട്.